Saturday, January 13, 2007

അതും ഇതും

അതു തന്നെയല്ലയോ ഇത്‌??
അതോ ഇതും അതും ഒന്നോ??
ചോദിച്ചത്‌ വേലിക്കല്‍ നിന്നു
വെള്ളം കോരുന്ന അമ്മുവിനോട്‌.
ഉത്തരം പറഞ്ഞതു പക്ഷേ
കെട്ടിയവള്‍
എണ്ണയില്‍ ഇട്ട്‌ വറുത്തുകളയും പട്ടീ...
തള്ളയുടെ തെറിവിളി കേട്ട്‌
പിള്ളേര്‍ പൊട്ടിച്ചിരിച്ചു..
അയാള്‍ പതിവുപോലെ ബീഡിയും വലിച്ചു
ഉമ്മറത്തു കൂനിക്കൂടിയിരുന്നു.
മണ്ണും ചാരിയിരുന്ന അങ്ങേലെ
പൊട്ടന്‍ ചെറുക്കന്‍ അന്നേരം
വേലിക്കലെത്തി അമ്മുവിനെ
വെള്ളം കോരാന്‍ പഠിപ്പിക്കുന്നുണ്ടായിരുന്നു..

- സീ.വീ രാജമ്മ

Sunday, December 31, 2006

മീറ്റിംഗ്‌

മീറ്റിംഗ്‌ തുടങ്ങാറായി.
ഹാളിലെ തീന്‍-മേശയില്‍
ചായ ഗ്ലാസ്സുകളും
അണ്ടിപ്പരിപ്പ്‌ നിറച്ച
പ്ലേറ്റുകളും നിറഞ്ഞു.
മേശക്കു ചുറ്റും
പാപ്പിയും അച്ചായനുമടക്കം
പത്തുപതിനെട്ടുപേര്‍ കാണും.
ആച്ചായന്‍ മിനിട്ട്‌ വായിക്കാന്‍ തുടങ്ങി
മിനിറ്റുകള്‍ക്കകം
പാപ്പിയടക്കമുള്ളവര്‍
കോട്ടുവായിടും..
പലഹാരപ്പാത്രങ്ങളും
ആഷ്ട്രേകളും മാത്രം
എപ്പോഴും നിറഞ്ഞിരിക്കും.
ഇടക്കു എപ്പോഴോ ബോര്‍ഡ്‌ മെംബര്‍ പെണ്ണൊരുത്തിയുടെ
അത്തറിന്റെ മണം
നാസാഗ്രങ്ങളില്‍ തുളഞ്ഞു കയറിയ നേരം
സദസ്സുണരും.
പിന്നെ കുറേ നേരം തന്തക്കുവിളികളും ആക്രോശങ്ങളും.
ഒടുവിലെ സഭതല്ലിപ്പിരിയലും.
എങ്കിലും മുറതെറ്റാതെ മാസത്തില്‍ ഒരിക്കല്‍
പാപ്പിയും സംഘവും മീറ്റിംഗ്‌ കൂടുന്നു.
ഓസിനു അണ്ടിപ്പരിപ്പു തിന്നാനും
പിന്നെ നാവിന്റെ ചൊറിച്ചില്‍ തീര്‍ക്കാനും...

- സീ.വീ രാജമ്മ

Tuesday, August 1, 2006

അവതാരിക

ആധുനിക സാഹിത്യത്തെ വെറും ആഭാസമാക്കിയ പോസ്റ്റ്‌-മോഡേണ്‍ കവിതയെ പോസ്റ്റ്‌-മോര്‍ട്ടം കവിതയെന്ന പേരില്‍ അപനിര്‍മ്മിക്കുവാനുള്ള പ്രയത്നത്തിലാണു ഞങ്ങള്‍ മൂന്ന് ദക്ഷിണാധുനിക കവികള്‍. ഈ സംരംഭത്തിന്റെ വിജയത്തിനു നല്ലവരായ സാഹിത്യ-പ്രണയികളുടെ ആത്മാര്‍ഥമായ സഹകരണം ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. വാഗ്ദേവതയെ വണങ്ങിക്കൊണ്ടു ഞങ്ങള്‍ ഈ അക്ഷര-പ്രയാണം ആരംഭിക്കട്ടെ.